ബസ്റ്റാന്റില്‍ നിന്നും കുറച്ച് ദൂരമുണ്ട് കോളേജിലേയ്ക്ക്. മുകുന്ദന്‍ നടന്ന് പോകുകയാണ് പതിവ്. സബ് ട്രഷറി വഴി, സംഗീതകോളേജിന് മുന്നിലൂടെ എളുപ്പവഴിയുണ്ട്. മൂപ്പെത്താത്ത വെയിലില്‍ വിയര്‍ത്തു. ഒരു സിഗരറ്റ് വലിക്കണമെന്ന് തോന്നി. പോകുന്ന വഴിയ്ക്കാകാം. കോളേജെത്തുന്നതിന് മുമ്പ് ശാരദാ ലൈബ്രറിയുടെ വശത്തുള്ള ഇടവഴിയില്‍ ഒരു പെട്ടിക്കടയുണ്ട്. അവിടെയാണ് പുകവലിക്കാരായ വിദ്യാര്‍ഥികളുടെ താവളം. എത്താറായപ്പോള്‍ സിഗരറ്റ് വലിക്കണ്ടെന്ന് തീരുമാനിച്ചു.
ഗേറ്റ് കടന്ന് കോളേജിന്റെ വിശാലമായ മുറ്റത്തെത്തിയപ്പോള്‍ ആശ്വാസം തോന്നി. മലയാളം വിഭാഗത്തിന്റെ കെട്ടിടത്തിന്റെ മുന്നില്‍ സുഹൃത്തുക്കള്‍ എത്തിയിട്ടുണ്ട്. രാജേഷും സന്ദീപും രമണിയും സുജാതയും ദില് രാജും എല്ലാം. ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന മുകുന്ദന്റെ സുഹൃത്തുക്കള്‍ മലയാളവിഭാഗത്തിലാണ് കൂടുതല്‍.
‘ മുകുന്ദാ മുകുന്ദാ കൃഷ്ണാ…’ സിനിമാപ്പാട്ട് പാടി അവര്‍ മുകുന്ദനെ വരവേറ്റു.
‘ ന്താ എല്ലാരും സന്തോഷത്തിലാണല്ലോ ?’ മുകുന്ദന്‍ ചോദിച്ചു.
‘ എങ്ങനെ സന്തോഷിക്കാതിരിക്കും മച്ചൂ ..ഇന്ന് ക്ലാസ്സുണ്ടാവില്ലന്നാ കേട്ടത്..’
‘ ന്തേ? ‘
‘ സമരമാണെന്നാ കൊഞ്ഞനം രഘു പറഞ്ഞത് ‘
‘ എന്തിന് സമരം? അതിനിപ്പോ ഒന്നുണ്ടായില്ലല്ലോ ?’
‘ ആ…ഞങ്ങള്‍ പ്ലാനിട്ടട്ട്ണ്ട്..നീ വരണ്ടോ ?’
‘ എങ്ങോട്ട് ?’
‘ ഏതായാലും ക്ലാസ്സില്ലല്ലോ..ല്ലാരും കൂടെ മലമ്പുഴയ്ക്ക് പോകാ ‘ രമണി പറഞ്ഞു. അവള്‍ ഉത്സാഹത്തിലായിരുന്നു.
‘ ഓ..ഞാനില്ലടീ..ന്തായാലും ക്ലാസ്സിലൊന്ന് പോയി നോക്കീട്ട് വരാം ‘
അയാള്‍ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് നടന്നു. അവിടേയും സമരത്തിന്റെ ആഘോഷമായിരുന്നു. പോയട്രി പഠിപ്പിക്കുന്ന പദ്മനാഭന്‍ സാര്‍ വരാന്തയിലൂടെ വരുന്നത് കണ്ടു. മുകുന്ദന് വളരെ ബഹുമാനമുള്ള അദ്ധ്യാപകനാണ് അദ്ദേഹം. ഇംഗ്ലീഷ് കവിതയില്‍ അപാരമായ പാണ്ഠിത്യം, ക്ലാസ്സ് മുറിയില്‍ കവിത കനമുള്ള ശബ്ദത്തില്‍ ചൊല്ലി ഒരു ലോകം തന്നെ സൃഷ്ടിക്കും അദ്ദേഹം. ‘എസ്രാ പോണ്ട്, ദ പോയറ്റ് ഓണ്‍ എയര്‍‘ എന്നൊക്കെ പറഞ്ഞ് ക്ലാസ്സില്‍ ചിരിയുടെ മാലപ്പടക്കവും പൊട്ടിക്കും ചിലപ്പോള്‍ .
‘ ഗുഡ് മോണിങ് സര്‍ ‘
‘ വെരി ഗുഡ് മോണിങ് മുകുന്ദന്‍..ആന്റ് ആം സോറി, റ്റുഡേ ഐ ഡോണ്ട് തിങ്ക് ദാറ്റ് ഐ കാന്‍ ഗിവ് യു മൈ നോട്ട്സ് ഓണ്‍ ഷെല്ലി. വി വില്‍ മേക്ക് ഇറ്റ് അനദര്‍ ഡേ..ഓക്കേ? ‘
‘ ഇറ്റ്സ് ഓക്കെ സര്‍..താങ്ക്യൂ ‘
‘ ഗുഡ്..സീ യു മുകുന്ദന്‍ ‘ അദ്ദേഹം ഡിപ്പാര്‍ട്ട്മെന്റിലേയ്ക്ക് പോയി. ക്ലാസ്സ് റൂമില്‍ ആരും ഉണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും ഗ്രൌണ്ടില്‍ നിന്നും സമരത്തിന്റെ ആരവം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു.
തിരിച്ച് മലയാളത്തിലേയ്ക്ക് പോയി. മലമ്പുഴ യാത്രസംഘം പുറപ്പെടാന്‍ തയ്യാറായിരിക്കുന്നു.
‘ നീ വര്‌ണില്ലേ ?’ അവര്‍ ചോദിച്ചു.
‘ ഇല്ല..നിങ്ങള് പൊയ്ക്കോ ‘
അവര്‍ ഗേറ്റ് കടന്ന് ബസ്റ്റോപ്പിലേയ്ക്ക് നീങ്ങി. കോളേജിന്റെ മുന്നില്‍ തന്നെ മലമ്പുഴയ്ക്കുള്ള ബസ്സ് കിട്ടും.
ഇനിയെന്ത് എന്ന ചിന്ത അയാളുടെ മനസ്സിലെത്തി. സമരക്കാര്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസ് ലക്ഷ്യമാക്കി മുന്നേറുകയാണ്. അങ്ങിങ്ങായി കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍. വീട്ടിലേയ്ക്ക് പോകാന്‍ തോന്നിയില്ല. പോയിട്ട് ഒന്നുമില്ല. കോട്ടമൈതാനത്തേയ്ക്ക് പോകാമെന്നോര്‍ത്തു. ഒരു പുന:പരിശോധനയില്‍ അതുപേക്ഷിച്ചു. ജില്ലാ ലൈബ്രറിയില്‍ പോയി വാരികകള്‍ വായിച്ചിരിക്കാം അല്ലെങ്കില്‍ പ്രിയദര്‍ ശിനിയില്‍ സിനിമയ്ക്ക് പോകാം. ഓരോ ആശയവും വന്നപാടെ നിരസിക്കപ്പെട്ടു.
‘ മുകൂ’ ഒരു കിളിനാദം. നോക്കിയപ്പോള്‍ കൊമേഴ്സിലെ ലതികയാണ്. കല്‍പ്പാത്തി അഗ്രഹാരത്തിലെ ഒരു പട്ടത്തിക്കുട്ടിയാണ് ലതിക. ഒരിക്കല്‍ അവളുടെ വീട്ടില്‍ കയറാനിടയായത് ഓര്‍മ്മയിലെത്തി.
ഒരു സുഹൃത്തിനെ കാണാന്‍ കല്‍പ്പാത്തിയിലേയ്ക്ക് പോയതായിരുന്നു. മുറ്റത്ത് അരിപ്പൊടിക്കോലം വരച്ച ചേര്‍ന്ന വീടുകളുള്ള വലിയ അഗ്രഹാരം. എവിടെ നിന്നോ കര്‍ണ്ണാട്ടിക് സംഗീതം അലയടിക്കുന്നുണ്ടായിരുന്നു. കളഭത്തിന്റേയും വാടിയ പൂക്കളുടേയും ഗന്ധം അന്തരീക്ഷത്തില്‍ ലയിച്ചിരുന്നു. ഒരു വീട്ടില്‍ നിന്നും ഹോമം നടക്കുന്നതിന്റെ പുക പുറത്തേയ്ക്ക് നിറഞ്ഞിരുന്നു. പുക തുപ്പുന്ന വീടിന് മുന്നിലെത്തിയപ്പോള്‍ കുഴപ്പം. വീട് ഏതാണെന്ന് അറിയില്ല. അവന്‍ പറഞ്ഞ അടയാളങ്ങള്‍ ഓര്‍ത്തുനോക്കി. അതുവച്ച് നോക്കുമ്പോള്‍ ഏതാണ്ട് എല്ലാ വീടുകളും അതേ പോലെയാണ്. സുബ്രമണ്യായ്യരെ ഈ തീവണ്ടി പോലത്തെ അഗ്രഹാരത്തില്‍ എവിടെ കണ്ടുപിടിക്കാനാണ്!.
‘ മുകൂ…എന്താ ഇവിടെ ?’ ലതിക മുന്നിലെത്തിയത് അപ്രതീക്ഷിതമായിരുന്നു.
‘ ഒരു ചങ്ങാതിയെ കാണാനിറങ്ങിയതാ..വീട് ഏതാണെന്നറിയില്ല’
‘ ആണോ..ഇതാ എന്റെ വീട്..വരൂ ..കയറിയിട്ട് പോകാം ‘. അവള്‍ ക്ഷണിച്ചു. പിന്നെയാകാം എന്നൊക്കെ പറഞ്ഞ് നോക്കി. അവള്‍ സമ്മതിക്കുന്നില്ല.
മുറ്റത്തെ രംഗവല്ലിയില്‍ ചവുട്ടാതെ പടികള്‍ കയറി. അഴിയിട്ട് മറച്ച വരാന്തയില്‍ മരക്കസേരകള്‍ ഉണ്ടായിരുന്നു. വരാന്തയുടെ ഒരു മൂലയ്ക്ക് ദര്‍ഭപ്പുല്ലിന്റെ കെട്ടുകളും പിരിച്ചുവച്ചിരിക്കുന്ന പൂണൂലുകളും കണ്ടു.
‘ യാര്? ‘ ഒരു വൃദ്ധ വാതില്‍ക്കല്‍ വന്ന് എത്തി നോക്കി ചോദിച്ചു. എന്ത് പറയും. ആകെ കുഴപ്പം.
‘ എന്നോട് ക്ലാസ്സ്മേറ്റാക്കും പാട്ടീ’ ലതിക തക്കസമയത്തെത്തി രക്ഷിച്ചു.
‘ എത്ക്ക് ഇങ്കെ വന്തിരിക്കാന്‍..ഒന്നോട് പേരെന്നത് കോന്തേ? ‘ പാട്ടി വിടുന്ന ലക്ഷണമില്ല.
‘ ഒന്നുല്ലൈ പാട്ടി…നീ ഉള്ള പോ ‘ ലതിക അല്പം ദേഷ്യം അഭിനയിച്ച് പറഞ്ഞു. പാട്ടി അകത്തേയ്ക്ക് പോയി.
‘ പരിചയമില്ലാഞ്ഞിട്ടാ..മുകു ഇരിയ്ക്കൂ ട്ടോ ‘ അവള്‍ വീണ്ടും അകത്തേയ്ക്ക് പോയി.
അപ്പോള്‍ ദേഹം മുഴുവന്‍ ഭസ്മം തേച്ച്, കുടുമയുള്ള ഒരു തടിച്ചയാള്‍ മുറ്റത്ത് നിന്നും കയറി വന്നു.
അയാളുടെ ചുവന്ന കണ്ണുകള്‍ കണ്ടപ്പോള്‍ വിരണ്ടുപോയി. തന്നെക്കണ്ട് ഒരു നിമിഷം ആലോചിച്ച് നിന്നു. പിന്നെ മുഖം പ്രസാദമാക്കി ചോദിച്ചു.
‘ കൊഴന്തെ..നീയാര്..ആരെപ്പാക്ക വന്തായ് ?’
‘ ഞാന്‍ ലതികേടെ ക്ലാസ്സ്മേറ്റാണ്. ഇത് വഴി വന്നപ്പോള്‍..’
‘ അപ്പടിയാ..ശരി..ശരി..ഒക്കാര്..നീയെന്ത ഊര്?’
സ്ഥലം പറഞ്ഞു. അടുത്തുള്ള അഗ്രഹാരത്തെപ്പറ്റിയായി ചോദ്യങ്ങള്‍ പിന്നെ. ആ ഐയ്യരെ അറിയാമോ, ഈ ഐയ്യരെ അറിയാമോ…എനിക്കൊന്നുമറിയില്ലേന്ന് വിളിച്ച് പറഞ്ഞ് ഇറങ്ങിയോടണമെന്ന് തോന്നി. അപ്പോള്‍ അകത്ത് നിന്നും എന്തോ ബഹളം. പാട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നുണ്ട്.
‘ എതോ ക്ലാസ്സ്മേറ്റാം..ഇപ്പടി കണ്ട്മാതിരി ആളുങ്കളെല്ലാം വീട്ടുക്ക് വറതുക്ക് എന്നായിരിക്ക്? ക്ലാസ്സും പഠിപ്പെല്ലാം പെണ്ണറ്ത്ക്ക് താനേ കോളേജിലെ പോറത്..അപ്പറം ഇങ്കെ വന്ത് എന്ന പഠിപ്പ്? വയസ്സുക്ക വന്ത് പൊണ്ണെത്തേടി പയ്യന്‍ വന്തിരിക്കാന്‍ തെരിഞ്ചാ അഗ്രഹാരത്തിലെ എന്ന പേശുവാന്ന് തെരിയാതാ ഒനക്ക്? അവന്‍ എന്ന ജാതിയോ എന്നോ..കര്‍മ്മം കര്‍മ്മം.....’
അത് വരെ തന്നോട് സംസാരിച്ചിരുന്നയാള്‍ അകത്തേയ്ക്ക് പോയി. പിന്നെ അയാളുടെ ഒച്ചയായിരുന്നു. പാട്ടിയുടെ ശബ്ദം അതില്‍ ഇല്ലാതായി.
പതുക്കെ പുറത്തിറങ്ങി. ലതിക കാണാതെ രക്ഷപ്പെടുക എന്നതായിരുന്നു ലക്ഷ്യം. അന്ന് സുബ്രമണ്യയ്യരേയും കണ്ടില്ല.
പിന്നീട്കുറേ നാളത്തേയ്ക്ക് തന്നെ അഭിമുഖീകരിക്കാന്‍ ലതികയ്ക്ക് മടിയായിരുന്നു. കുറ്റബോധം നിറഞ്ഞ മുഖത്തോടെയേ അവള്‍ സംസാരിക്കാറുള്ളൂ. പതുക്കെ അതെല്ലാം മാറി.
‘ എന്താ നിന്റെ പരിപാടി ? ഇന്ന് ക്ലാസ്സില്ലല്ലോ ‘ അവള്‍ ചോദിച്ചു. മുടിയില്‍ തിരുകി വച്ചിരുന്ന തുളസി താഴെ വീഴാറായിരിക്കുന്നു. കൈത്തണ്ടയില്‍ ജപിച്ചുകെട്ടിയിരിക്കുന്ന ചരട് പുതിയതായിരുന്നു.
‘ ഓ..ഒന്നുല്ല…’
‘ എങ്കില്‍ വാ..നമുക്ക് ഗ്രൌണ്ടില്‍ പോകാം ‘
‘ എന്തിന്?’
‘ വെറുതേ സംസാരിച്ചിരിക്കാം..’
‘ ഇല്ല…ഞാന്‍ ലൈബ്രറിയിലേക്ക് പോണു..കുറച്ച് നോട്ട്സ് എഴുതാനുണ്ട്’
‘ ഓ..ഒരു എഴുത്തുകാരന്‍ ‘ അവള്‍ ശുണ്ഠിയെടുത്ത് പോയി.
ഗേറ്റിന് പുറത്ത് കടന്നപ്പോള്‍ മനസ്സ് തളരുന്നത് പോലെ തോന്നി.
താരേക്കാട് ലക്ഷ്യമാക്കി നടന്നു. ബാക്കി അവിടെച്ചെന്ന് തീരുമാനിക്കാം.
പാലക്കാട്ടിന് മേളം പിടിച്ചിരുന്നു.
(തുടരും...)
(തുടരും...)
ഇക്കുറി കുറച്ചു കൂടി മെച്ചമായി . അഗ്രഹാര വര്‍ണന യൊക്കെ നന്നായി .തുടരട്ടെ
ReplyDeleteപിന്നെ കമന്റു ബോക്സിലെ ഈ വേര്‍ഡ് വെരിഫികേഷന്‍ എടുത്തു കളഞ്ഞാല്‍ നന്നായിരുന്നു .കമന്റ് ഇടണം എന്ന് വിചാരിക്കുന്നവര്‍ ഇത് കാണുമ്പോള്‍ ഇട്ടേച്ചു പൊയ്ക്കളയും ...
ആഗ്രഹാരവും ആഗ്രഹാരത്ത്തിന്റെ സ്വഭാവവും ഇത്തവണത്തെ ഭാഗത്തില്‍ നന്നായി.
ReplyDeleteതുടരട്ടെ.
നന്നായി എഴുതി .
ReplyDeleteഭാവുകങ്ങള്‍
നന്നായിട്ടുണ്ട്. ഒരു പാലക്കാട്ടുകാരന്‍ ആയതോണ്ടാവും എനിക്ക് ഭാഷയും സ്ഥലങ്ങളും ഇഷ്ടപ്പെട്ടു. ആശംസകള്‍!!
ReplyDeleteഎല്ലാവര്ക്കും നന്ദി
ReplyDeleteലതിക പ്രശ്നമുണ്ടാക്കുമോ
ReplyDeleteബ്ലോഗില്‍ ആദ്യമായിട്ടാണ് ഒരു നോവല്‍
വായിക്കുന്നത്.
തുടരട്ടെ
അഭിപ്രായമറിയിക്കാം.
അധ്യായം കൂട്ടി നീളം കുറച്ചാല്‍ നന്നായിരുന്നു.
valare nannayittundu.... aashamsakal.............
ReplyDelete