Wednesday, November 10, 2010

നിശാഗന്ധി പൂക്കുന്ന രാത്രി - ഭാഗം ഒന്ന്


രാവിലെ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മുകുന്ദന്‍ ജനാലപ്പാളി തുറന്ന് മഴ ആസ്വദിച്ച് കിടന്നു. ചാറല്‍ മുഖത്ത് വീണപ്പോള്‍ രസം തോന്നി. ചുവരിലെ ക്ലോക്കില്‍ സമയം ഏഴ് മണിയാകുന്നതേയുള്ളൂ. കോളേജിലേയ്ക്ക് പോകാന്‍ ധാരാളം സമയമുണ്ട്. മുറ്റത്ത് ചെറിയ പൂന്തോട്ടമുണ്ട്. മുകുന്ദന്‍ തന്നെ ഉണ്ടാക്കിയതാണത്. ഒരു തുളസിച്ചെടിയും ചെമ്പരത്തിയും മാത്രമുണ്ടായിരുന്ന മുറ്റത്ത് എവിടെ നിന്നൊക്കെയോ സമ്പാദിച്ച പലതരം ചെടികള്‍ നട്ട് ഇപ്പോള്‍ നല്ലൊരു പൂങ്കാവനമായിരിക്കുന്നു മുറ്റം. ബോട്ടണിയിലെ ഒരു സുഹൃത്ത് ഓര്‍ക്കിഡ് ചെടികള്‍ കൊണ്ടുത്തരാമെന്ന് ഏറ്റിട്ടുണ്ട്.  അത് കൂടിയായാല്‍ പൂന്തോട്ടം ഒന്നാന്തരമാകും.

‘ ഡാഎഴ്ന്നേക്കെഡാ..ങ്ങനെ കെടന്നൊറങ്ങിയാ കോളേജില്‍ പോണ്ടേ? ങാ..അല്ലെങ്കിലും ഇവന്‍ കോളേജി പോയി മലമറിക്കാന്‍ പോക്വല്ലെ..”

അമ്മ അടുക്കളയില്‍ നിന്നും ശകാരം തുടങ്ങി. എന്നുമുള്ളതാണ്. രാവിലെ അമ്മയ്ക്ക് നൂറാവശ്യങ്ങളാണ്. അച്ഛന്‍ കോയമ്പത്തൂരിലേയ്ക്ക് പോയിട്ട് എത്തിയിട്ടില്ല. അല്ലെങ്കില്‍ അച്ഛനേം മോനേം കൂട്ടിയായിരിക്കും ശകാരം.

മുകുന്ദന്‍ പുതപ്പ് മാറ്റി എഴുന്നേറ്റു. മഴ അപ്പോഴും ശക്തമാണ്. സ്ഥാനം തെറ്റിക്കിടന്ന ലുങ്കി നേരേയുടുക്കാന്‍ പണിപ്പെട്ടു. അടുക്കളയിലേയ്ക്ക് ചെന്ന് കാപ്പി ആയിട്ടുണ്ടോയെന്ന് നോക്കി. ഒരു ഗ്ലാസ്സ് കട്ടന്‍ കാപ്പി ഏതാണ്ട് ചൂടാറിയ നിലയിലുണ്ട്.

“ ഡാ..എഴ്ന്നെറ്റിട്ട് ഒന്ന് പല്ല് തേച്ചൂടേ നെനക്ക്? കണ്ണ് തൊറന്നങ്ങനെ തന്നെ അടുക്കളേലെക്കാ..” അമ്മ പിന്നില്‍ വന്നത് അറിഞ്ഞില്ലായിരുന്നു. കാപ്പി തിണ്ണയില്‍ വച്ച് പല്ല് തേച്ച് വന്നു. കുളിക്കാത്തതിന്റെ പേരിലായിരിക്കും അടുത്ത ശകാരം. ഭാഗ്യം, അതുണ്ടായില്ല. കാപ്പി കുടിച്ച് തോര്‍ത്തും സൊപ്പുമെടുത്ത് കുളത്തിലേയ്ക്ക് നടന്നു.

മഴയത്ത് ഇറങ്ങി നടക്കാന്‍ മുകുന്ദന് ഇഷ്ടമാണ്. മഴത്തുള്ളികള്‍ വീഴുമ്പോള്‍ കുളത്തിലെ വെള്ളത്തിന് പ്രത്യേക സൌന്ദര്യമാണ്. അകവും പുറവും നനയുന്നപോലെയുണ്ടാകും. മാത്രമല്ല കുളത്തില്‍ തിരക്ക് കുറവായിരിക്കും.

പടവില്‍ സോപ്പ് വച്ച് തോര്‍ത്തുടുത്ത് കാല് നനച്ചു. നല്ല തണുപ്പ്. ആകെ നനഞ്ഞിരുന്നെങ്കിലും കുളത്തിലേയ്ക്ക് മുങ്ങാങ്കുഴിയിട്ടപ്പോള്‍ വിറച്ചുപോയി. മുങ്ങിനിവര്‍ന്നപ്പോള്‍ ഒരാള്‍ കൂടി കുളിക്കാനെത്തിയിരിക്കുന്നത് കണ്ടു. പടിഞ്ഞാറേമുറിയിലെ ഉണ്ണിയാണ്. വലിയ പഠിപ്പോക്കെ കഴിഞ്ഞിട്ടും കൃഷിയും കാര്യങ്ങളുമായി ഒതുങ്ങി ജീവിക്കുന്ന ഉണ്ണിയോട് മുകുന്ദന് ആദരവാണ്. പഠിത്തമൊക്കെ കഴിഞ്ഞ് പുറം രാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍ പറയുന്ന അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടിയാകും. ഉണ്ണിയ്ക്ക് അതെല്ലാം ആദ്യമേ അറിയാമായിരുന്നെന്ന് തോന്നി. അതുകൊണ്ടായിരിക്കും വീട്ടിലെ കൃഷിയും മറ്റും നോക്കി സമാധാനമായി ജീവിക്കുന്നത്. ഇടയ്ക്ക് ഒരു യാത്ര പോക്കുണ്ട് അയാള്‍ക്ക്. കുറേ നാളുകല്‍ കഴിഞ്ഞേ തിരിച്ചെത്തൂ. വന്നുകഴിഞ്ഞാന്‍ പിന്നെ കഥകള്‍ പറയും. പോയ നാടുകളുടെയൊക്കെ.

സോപ്പ് തേയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ണി തോര്‍ത്തുടുത്ത് പടവിലിരുന്ന് ബീഡി വലിയ്ക്കുകയാണ്. അമ്പലക്കുളമാണ്. ആരെങ്കിലും കണ്ടാല്‍ കുഴപ്പമാകുമെന്ന് പറയണമെന്ന് തോന്നി. ഉണ്ണിയ്ക്ക് അതൊന്നും പ്രശ്നമായിരിക്കില്ലെന്ന് പിന്നീടോര്‍ത്തു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ ഉണ്ണി നിസ്സാരമായി തള്ളിക്കളയുകയേയുള്ളൂ.

‘ ന്താഡോ..ന്ന് കോല്ലേജിലേയ്ക്ക് പോകുന്നില്ലേ?’

ബീഡിക്കുറ്റി പടവില്‍ കുത്തിക്കെടുത്തി ഉണ്ണി ചോദിച്ചു.

‘ ഉണ്ട്പോണം..സമയമായില്ല’

ഇപ്പോഴും ആശയക്കുഴപ്പമാണ്. പേര് വിളിക്കണോ അതോ ഉണ്ണിയേട്ടാന്ന് വിളിക്കണോന്ന്. പ്രായത്തില്‍ കുറച്ച് മൂത്തതാണെങ്കിലും അയാളുടെ പെരുമാറ്റവും രീതികളുമൊക്കെ കണുമ്പോള്‍ പേര് വിളിക്കാനാണ് തോന്നുക. തല്‍ക്കാലം ഒന്നും വിളിക്കണ്ടെന്ന് തീരുമാനിച്ചു.

അയാള്‍ കുളത്തിലേയ്ക്ക് ചാടി നീന്തിത്തുടങ്ങി. മഴ അടങ്ങിയിരിക്കുന്നു. നനഞ്ഞ തോര്‍ത്ത് പിഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു.

അമ്മ അടുക്കളയില്‍ യുദ്ധത്തിലാണ്. പുക തുപ്പുന്ന അടുപ്പിനെ ശകാരിക്കുകയാണിപ്പോള്‍. അമ്മയ്ക്ക് ആരെയെങ്കിലും ശകാരിച്ചാല്‍ മതി, അടുപ്പായാലും കുഴപ്പമില്ല.

 സമയം എട്ട് മണിയായി. ഇനിയും താമസിച്ചാല്‍ കോളേജിലെത്താന്‍ വൈകും. പാന്റും ഷര്‍ട്ടും ധരിച്ച് പുസ്തകങ്ങള്‍ ബാഗിലാക്കി. അടുക്കളയില്‍ ചെന്ന് കഴിക്കാന്‍ വല്ലതുമുണ്ടോയെന്ന് നോക്കി. കഞ്ഞി തയ്യാറായിരിക്കുന്നു. വിശപ്പ് തോന്നിയില്ല.

‘ വല്ലോം കഴിച്ചിട്ട് പോഡാ ‘ അമ്മ പറഞ്ഞു.

‘ വേണ്ട..വെശപ്പില്ല ‘

‘ ഒ..കഞ്ഞിയായതോണ്ടായിരിക്കും..രാവിലെ എഴുന്നേറ്റേ നനഞ്ഞ വെറകും കത്തിച്ച് പലഹാരമൊണ്ടക്കാനൊന്നും ന്നെക്കൊണ്ടാവില്ല ..” അമ്മ പിറുപിറുത്തു.

‘ അതോണ്ടൊന്നല്ല..വെശപ്പില്ലാഞ്ഞിട്ടാ ‘ കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഇടം കാലിയാക്കി.

ബസ്റ്റോപ്പിലേയ്ക്ക് കുറച്ച് നടക്കാനുണ്ട്. ഗ്രാമത്തിലെ മണ്‍ പാതയിലൂടെയുള്ള നടത്തം മുകുന്ദന് ഇഷ്ടമാണ്. ചിലപ്പോള്‍ കൂടെ പരിചയക്കാരാരെങ്കിലും കാണും. പട്ടണത്തിലേയ്ക്ക് പോകുന്നവര്‍. ഗ്രാമത്തില്‍ കൂടുതലും കൂലിപ്പണിക്കാരാണ്. പിന്നെയുള്ളത് പട്ടണത്തില്‍ ചെറിയ ജോലികള്‍ക്ക് പോകുന്നവരും. കോളേജില്‍ പോകുന്നവര് പല ദിക്കില്‍ നിന്നും വന്നെത്തി ബസ്റ്റോപ്പില്‍ ഒത്തുകൂടും. ആകെ തിരക്കും ബഹളവുമായിരിക്കും. മിക്കവാറും പടിയില്‍ തൂങ്ങിപ്പിടിച്ചായിരിക്കും യാത്ര.

‘ മുകുന്ദാ..നിക്ക്ഞാനുണ്ട്’ ഒരു ശബ്ദം പിന്നില്‍ നിന്നും കേട്ടു. മുരിങ്ങത്തെ രാഘവേട്ടന്റെ മകള്‍ സിന്ധുവാണ്. അവളും കോളേജിലേയ്ക്കാണ്. പ്ലസ് ടു കഴിഞ്ഞ് കോളേജ് കുമാരിയായിട്ടേയുള്ളൂ പെണ്ണ്‌. ഇപ്പോഴേ പത്രാസ് തുടങ്ങിക്കഴിഞ്ഞു.

‘ എത്ര പ്രാശ്യം വിളിച്ചു..സ്വപ്നം കണ്ടോണ്ടാ നടക്കണേ? ‘ അവള്‍ പരിഭവം പറഞ്ഞു. അവളുടെ നെറ്റിയില്‍ വിയര്‍പ്പ് തുള്ളികളുണ്ടായിരുന്നു. കാവിലെ കുങ്കുമം തൊട്ടിരുന്നത് വിയര്‍പ്പില്‍ അലിഞ്ഞിരിക്കുന്നു.

‘ ന്താ കുട്ട്യേ? ഇങ്ങനെ ഓടണതെന്തിനാ ?’

‘ മുകുന്ദനെ കണ്ടപ്പോ ഒപ്പമെത്താവേണ്ടി ഓടീതാ.. ‘ അവള്‍ തൂവാലയെടുത്ത് നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. കുങ്കുമം അപ്രത്യക്ഷമായി. ബാഗില്‍ നിന്നും സ്റ്റിക്കര്‍ പൊട്ടെടുത്ത് നെറ്റിയിലൊട്ടിച്ച് അവള്‍ ചിരിച്ചു. ഇപ്പോള്‍ നല്ല ചന്തം വച്ചിരിക്കുന്നു സിന്ധു, മുകുന്ദന് തോന്നി. കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ സൌന്ദര്യബോധം കൂടിയതുകൊണ്ടായിരിക്കണം.

‘ ശരി..നടക്ക്..ബസ്സിപ്പൊ വരും ‘ മുകുന്ദന്‍ ദേഷ്യം നടിച്ച് പറഞ്ഞു.

‘ ഓ..ബസ്സ് വരാനായിട്ടൊന്നുല്ലപത്ക്ക് നടന്നാ മതി ‘ . അവള്‍ കൊഞ്ചി. മുകുന്ദന് ശരിക്കും ദേഷ്യം വന്നു. ഭാഗ്യത്തിന് അവള്‍ മുകുന്ദന്‍ പഠിക്കുന്ന കോളേജിലല്ല. അല്ലെങ്കില്‍ കോളേജിലും ഇവള്‍ ഇങ്ങനെ തന്നെയായിരിക്കും തന്നോട് പെരുമാറുക.

അവള്‍ വാതൊരാതെ സംസാരിച്ചുകൊണ്ടിരുന്നു. കോളേജിലെ കൂട്ടുകാരികളെക്കുറിച്ചും ചൂളമടിക്കുന്ന സീനിയേഴ്സിനെക്കുറിച്ചും അദ്ധ്യാപകരെക്കുറിച്ചുമെല്ലാം. മുകുന്ദന്‍ എല്ലാം മൂളിക്കേട്ടതേയുള്ളൂ. അയാളുടെ മനസ്സില്‍ തലേന്ന് പഠിച്ച ഒരു കവിതയിലെ വരികള്‍ ആവര്‍ത്തിക്കുകയായിരുന്നു.

The fountains mingle with the river,
And the rivers with the ocean;
The winds of heaven mix forever
With a sweet emotion;
Nothing in the world is single;
All things by a law divine
In another's being mingle--
Why not I with thine?....................


ബസ്റ്റോപ്പിലെത്തുന്നത് വരെ അവള്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന് ശ്രദ്ധിച്ചതേയില്ല. അല്പനേരം കഴിഞ്ഞപ്പോള്‍ തിങ്ങിഞെരുങ്ങുന്ന യാത്രക്കാരുമായി ബസ്സ് വന്നു. അതിലേയ്ക്ക് തള്ളിക്കയറി മുകുന്ദന്‍ കോളേജിലേയ്ക്ക് യാത്ര തുടര്‍ന്നു.

( മുകുന്ദന്റെ കോളേജ് വിശേഷങ്ങളുമായി അടുത്ത ഭാഗം ഉടനെ…. )

11 comments:

  1. നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു. വീട്ടിലെ അമ്മയുടെയും മകന്റേയും പെരുമാറ്റം പലര്‍ക്കു ദഹിക്കാനിടയില്ല, പക്ഷെ സത്യം നമ്മള്‍ കരുതുന്നതിലുമേറെയകലെയാണ്!

    തുടരൂ..

    ReplyDelete
  2. നിശാസുരഭി, ഇതിനേക്കാള്‍ മോശം പെരുമാറ്റങ്ങല്‍ കണ്ടിട്ടുണ്ട്. ഒട്ടും അസ്വാഭാവികമല്ല ഇതെല്ലാം. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. വീണ്ടും വരുക.

    ReplyDelete
  3. തുടക്കം കൊള്ളാം.മുകുന്ദന്‍ എങ്ങോട്ട് ആണ് പോക്ക്
    എന്ന് നോക്കട്ടെ..all alone or with ?....നോവല്‍
    ആക്കല്ലേ ..ബാകിക്ക് കാത്തിരിക്കുന്നു...

    ReplyDelete
  4. അവള്‍ തൂവാലയെടുത്ത് നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. കുങ്കുമം അപ്രത്യക്ഷമായി. ബാഗില്‍ നിന്നും സ്റ്റിക്കര്‍ പൊട്ടെടുത്ത് നെറ്റിയിലൊട്ടിച്ച് അവള്‍ ചിരിച്ചു.

    സാധാരണ ശ്രദ്ധിക്കപ്പെടാതെ വിട്ട് കളയുന്ന സംഭവം വരെ വളരെ തന്മയത്വമായി വരച്ചിരിക്കുന്നു. എഴുന്നെല്‍ക്കുന്നതും കുളിക്കുന്നതും കാലത്തെ സംഭവങ്ങളും എല്ലാം ഒരു ചിത്രം പോലെ വായനക്കാരിലേക്ക്‌ പകര്‍ത്തുന്ന എഴുത്ത്‌.
    ആശംസകള്‍.

    ReplyDelete
  5. തുടക്കം മുതലേ വായിക്കാനുള്ള ശ്രമത്തിലാണ്.
    Palakkattettan.

    ReplyDelete
  6. ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തു.കാലത്ത് അമ്മയുടെ മഴ തുടങ്ങി എന്ന് ചേട്ടന്‍ പറയാറുണ്ട്.നന്നായി എഴുതി.ആശംസകള്‍.

    ReplyDelete
  7. തുടക്കം വളരെ നന്നായി. ബാക്കിക്കായി കാത്തിരിക്കുന്നു.

    ReplyDelete
  8. തുടക്കം കൊള്ളാംട്ടോ... ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു...

    ReplyDelete
  9. mukundanum saarum ramaniyum,nalla malayaalithamulla perukal. nattumanamulla bhaasha. kaathirikunnu baaki vaayikkaan...

    ReplyDelete