Saturday, November 20, 2010

നിശാഗന്ധി പൂക്കുന്ന രാത്രി – ഭാഗം മൂന്ന്


കാരണമില്ലാത്ത അസ്വസ്ഥത മനസ്സിനെ കീഴ്പ്പെടുത്തുന്നു. ചിന്തകളെ ആട്ടിത്തെളിക്കാൻ കഴിയുന്നില്ല. സുൽത്താൻ പേട്ടയിലെത്തിയപ്പോൾ നടത്തം നിർത്തി. ജില്ലാ ലൈബ്രറിയിലേയ്ക്ക് പോകാം, അല്ലെങ്കിൽ കോട്ടമൈതാനിയിലേയ്ക്ക്. ഒന്ന് കൂടി ആലോചിച്ചപ്പോൾ ലൈബ്രറി ഉപേക്ഷിച്ചു. കോട്ട തന്നെ നല്ലത്. നടത്തം തുടർന്നു.
മൈതാനം താണ്ടി കോട്ടയിലെത്തിയപ്പൊഴേയ്ക്കും വെയിലിന് കാഠിന്യമേറിയിരുന്നു. കോട്ടയ്ക്ക് മുന്നിൽ ടൂറിസ്റ്റ് ബസ്സുകൾ നിരന്ന് നിൽക്കുന്നു. തമിഴ് നാട്ടിൽ നിന്നുള്ള ഏതോ സ്കൂളിന്റെ ബാനർ പ്രദർശിപ്പിച്ച ബസ്സുകൾ. അകത്ത് തിരക്കായിരിക്കുമെന്ന് ഊഹിച്ചു.

കോട്ടയ്ക്കുള്ളിലെ ഹനുമാൻ കോവിലിൽ തിരക്കായിരുന്നു. യൂണിഫോം ധരിച്ച തമിഴ് വിദ്യാർഥികൾ നിരന്ന് നിന്ന് തൊഴുന്നു. കറുത്ത് തടിച്ച ടീച്ചർമാർ കുട്ടികളെ നിയന്ത്രിക്കുന്ന തിരക്കിലാണ്. അവരെ ഒഴിവാക്കി അകത്തേയ്ക്ക് കടന്നു. അവിടേയും കുട്ടികളുടെ തിരക്കാണ്. അങ്ങിങ്ങായി കമിതാക്കളുടെ സ്വകാര്യത പരസ്യമായി പ്രദർശിക്കപ്പെടുന്നുണ്ട്. ചിലപ്പോൾ തോന്നും ഈ കോട്ട പണിയിക്കപ്പെട്ടത് കമിതാക്കൾക്ക് വേണ്ടിയാണെന്ന്. ദീർഘദർശിയായ സുൽത്താൻ ഭാവിതലമുറയിലെ പ്രണയിതാക്കൾക്കായി ഒരിടം പണിതുയർത്തിയിരിക്കുന്നു. 

കമിതാക്കളേയും കുട്ടികളേയും പിന്നിട്ട് തെക്ക് ഭാഗത്തേയ്ക്ക് നടന്നു. അവിടെ വിജനമാണ്. പുളിമരത്തിന്റെ ഒരു വലിയ ശാഖ തണൽ പരത്തിക്കൊണ്ട് ചാഞ്ഞ് നിൽക്കുന്നുണ്ട്. കല്ലുകളിളകിയ നടപ്പാതയിൽ ഇരുന്നു. ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല.

‘ ഹലോ..’ ഒരു ശബ്ദം. നോക്കിയപ്പോൾ ലതികയാണ്.

‘ നീയെന്താ ഇവിടെ?’

‘ എനിക്കെന്താ ഇവിടെ വരാമ്പാടില്ലേ? ‘

‘ വന്നോ..‘

‘ ഹായ്..ചൂടാവല്ലേ മാഷേ..ഞാൻ

‘ ഉം?’

‘ നിനക്ക് ഇഷ്ടപ്പെടില്ലെന്നറിയാം..എങ്കിലും..’

‘ പറയെടോ..’

‘ ഞാൻ നിന്റെ പിന്നാലെ വന്നതാ..എനിക്ക് നിന്നോട് സംസാരിക്കണം’

ദേഷ്യമാണ് തോന്നിയത്. പിന്നാലെ വന്നിരിക്കുന്നു..എന്തിന്?

അവൾ അടുത്തിരുന്നു. ആവശ്യത്തിൽ കൂടുതൽ ചേർന്നിരിക്കുന്നുയെന്ന് തോന്നി.

‘ മുകൂ..നീ എന്നെ എന്തിനാ ഇങ്ങനെ ഒഴിവാക്കുന്നത്?’

‘ ഞാനാരേം ഒഴിവാക്കിയൊന്നുല്ല’

‘ അല്ലന്നെ കാണുമ്പൊക്കെ മുകു ഒഴിഞ്ഞ് മാറുവാ’

‘ ഇല്ലന്നെ’ അവളോട് അല്പം അലിവ് തോന്നി. വിയർത്തിരിക്കുന്നു കുട്ടി. വെള്ളയിൽ ചുവന്ന പൂക്കളുള്ള ചുരിദാർ. ടിഫിൻ ബോക്സ് അടങ്ങിയ ബാഗ് തടിച്ചിരിക്കുന്നു.

അവൾ ഒന്ന് കൂടി ചേർന്നിരുന്നു. വല്ലാത്ത അസ്വസ്ഥത തോന്നി. നെഞ്ചിടിപ്പ് ബലപ്പെടുന്നത് പോലെ.

‘ എന്താ മുകൂ..എന്നോട് ഇഷ്ടമല്ലേ?’

‘ എന്താ കുട്ടീയിത്..കുട്ടി എന്തൊക്കെയാ പറേണതെന്നറിയാമോ?’

‘ യ്ക്കറിയാം..മുകൂനെ എനിക്കിഷ്ടാ..അത്രന്നെ’

ഈശ്വരാ..ഇവൾ എന്തിനുള്ള പുറപ്പാടാണ്?

അവളൂടെ വിയർപ്പിന്റെ ഗന്ധം നേർത്ത് അടുത്തെത്തി. പവിഴമല്ലിപ്പൂവിന്റെ ഗന്ധമാണ്. അല്ലെങ്കിൽ ചെമ്പകത്തിന്റെ. ഉള്ളിൽ ഉരുൾ പൊട്ടുന്നു. നനുത്ത് വെണ്മയാർന്ന അവളുടെ കൈകൾ. വിയർപ്പിൽ കുളിച്ച കഴുത്തിൽ ഒട്ടിക്കിടക്കുന്ന മുടിയിഴകൾ. തിളങ്ങുന്ന മൂക്കുത്തി. 

‘ പറയ്..നിനക്കെന്നെ ഇഷ്ടല്ലേ?’

‘ ലതീ..നീ പറേണ പോലെയല്ല കാര്യങ്ങൾഎനിക്കിഷ്ടായിട്ടെന്താ കാര്യം?’

‘ അതന്നെ പ്രധാനംപറയ്..’

അവൾ ഇപ്പോൾ തന്നോട് ഒട്ടിയിരിക്കുകയാണ്. വെളുത്ത ഷാളിനടിയിൽ ഉയരുകയും താഴുകയും ചെയ്യുന്ന മുലകൾ. കൂടെയുള്ള പെൺ കുട്ടികളിൽ ഏറ്റവും നല്ല മുലയുള്ളത് ഇവൾക്കാണെന്ന് മനസ്സ് പറഞ്ഞു. അത് തന്റെ കൈയ്യെത്തും ദൂരത്ത്.

‘ ഞാൻ പറയാം’ 

‘ എപ്പൊ?’

‘ പറയാം..’

‘ എങ്കിൽ നീ ന്റെ കൂടെ വാ’

‘എങ്ങോട്ട്?’

‘ കല്പാത്തിയ്ക്ക്..വീട്ടിൽ ആരുല്ലഅപ്പാവും അമ്മാവും നല്ലേപ്പിള്ളിയ്ക്ക് പോയിരിക്കണൂ..നാളെയെ വരു. വൈകുന്നെരം ഞാൻ പെരിയമ്മേടെ വീട്ടിൽ പോകും..അത് വരെ സംസാരിച്ചിരിക്കാം..’

ദൈവമേ..ഇവൾക്ക് വട്ടായോ? അതോ തനിക്ക് വല്ല കുഴപ്പവും? മുകുന്ദൻ ഒന്നും സംസാരിക്കാനാകാതെയിരുന്നു. ഒരു പെൺ കുട്ടി , അതും സുന്ദരിയായൊരു പട്ടത്തിക്കുട്ടി, തന്നെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. അവളുടെ മുലകൾ തന്നെ ഭ്രമിപ്പിക്കുന്നു.

‘ നീ വെറുതെ വേണ്ടാത്തത് പറയാതെ ലതികേനീ പോ..’

‘ ഇല്ലനീ വന്നേ പറ്റൂ’ അവൾ വാശി പിടിച്ചു.

അപ്പോൾ സ്കൂൾ കുട്ടികൾ ആർത്തലച്ചുകൊണ്ട് ഓടി വന്നു. രംഗം ബഹളമയമായി.

‘ വരൂന്നേ’ അവൾ തന്റെ കൈയ്യിൽ പിടിച്ച് വലിച്ച് വിളിച്ചപ്പോൾ അയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.

( തുടരും..)

Friday, November 12, 2010

നിശാഗന്ധി പൂക്കുന്ന രാത്രി - ഭാഗം രണ്ട്

ബസ്റ്റാന്റില്‍ നിന്നും കുറച്ച് ദൂരമുണ്ട് കോളേജിലേയ്ക്ക്. മുകുന്ദന്‍ നടന്ന് പോകുകയാണ് പതിവ്. സബ് ട്രഷറി വഴി, സംഗീതകോളേജിന് മുന്നിലൂടെ എളുപ്പവഴിയുണ്ട്. മൂപ്പെത്താത്ത വെയിലില്‍ വിയര്‍ത്തു. ഒരു സിഗരറ്റ് വലിക്കണമെന്ന് തോന്നി. പോകുന്ന വഴിയ്ക്കാകാം. കോളേജെത്തുന്നതിന് മുമ്പ് ശാരദാ ലൈബ്രറിയുടെ വശത്തുള്ള ഇടവഴിയില്‍ ഒരു പെട്ടിക്കടയുണ്ട്. അവിടെയാണ് പുകവലിക്കാരായ വിദ്യാര്‍ഥികളുടെ താവളം. എത്താറായപ്പോള്‍ സിഗരറ്റ് വലിക്കണ്ടെന്ന് തീരുമാനിച്ചു.

ഗേറ്റ് കടന്ന് കോളേജിന്റെ വിശാലമായ മുറ്റത്തെത്തിയപ്പോള്‍ ആശ്വാസം തോന്നി. മലയാളം വിഭാഗത്തിന്റെ കെട്ടിടത്തിന്റെ മുന്നില്‍ സുഹൃത്തുക്കള്‍ എത്തിയിട്ടുണ്ട്. രാജേഷും സന്ദീപും രമണിയും സുജാതയും ദില് രാജും എല്ലാം. ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന മുകുന്ദന്റെ സുഹൃത്തുക്കള്‍ മലയാളവിഭാഗത്തിലാണ് കൂടുതല്‍.

‘ മുകുന്ദാ മുകുന്ദാ കൃഷ്ണാ’ സിനിമാപ്പാട്ട് പാടി അവര്‍ മുകുന്ദനെ വരവേറ്റു.

‘ ന്താ എല്ലാരും സന്തോഷത്തിലാണല്ലോ ?’ മുകുന്ദന്‍ ചോദിച്ചു.

‘ എങ്ങനെ സന്തോഷിക്കാതിരിക്കും മച്ചൂ ..ഇന്ന് ക്ലാസ്സുണ്ടാവില്ലന്നാ കേട്ടത്..’

‘ ന്തേ? ‘

‘ സമരമാണെന്നാ കൊഞ്ഞനം രഘു പറഞ്ഞത് ‘

‘ എന്തിന് സമരം? അതിനിപ്പോ ഒന്നുണ്ടായില്ലല്ലോ ?’

‘ ആഞങ്ങള്‍ പ്ലാനിട്ടട്ട്ണ്ട്..നീ വരണ്ടോ ?’

‘ എങ്ങോട്ട് ?’

‘ ഏതായാലും ക്ലാസ്സില്ലല്ലോ..ല്ലാരും കൂടെ മലമ്പുഴയ്ക്ക് പോകാ ‘ രമണി പറഞ്ഞു. അവള്‍ ഉത്സാഹത്തിലായിരുന്നു.

‘ ഓ..ഞാനില്ലടീ..ന്തായാലും ക്ലാസ്സിലൊന്ന് പോയി നോക്കീട്ട് വരാം ‘

അയാള്‍ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് നടന്നു. അവിടേയും സമരത്തിന്റെ ആഘോഷമായിരുന്നു. പോയട്രി പഠിപ്പിക്കുന്ന പദ്മനാഭന്‍ സാര്‍ വരാന്തയിലൂടെ വരുന്നത് കണ്ടു. മുകുന്ദന് വളരെ ബഹുമാനമുള്ള അദ്ധ്യാപകനാണ് അദ്ദേഹം. ഇംഗ്ലീഷ് കവിതയില്‍ അപാരമായ പാണ്ഠിത്യം, ക്ലാസ്സ് മുറിയില്‍ കവിത കനമുള്ള ശബ്ദത്തില്‍ ചൊല്ലി ഒരു ലോകം തന്നെ സൃഷ്ടിക്കും അദ്ദേഹം. ‘എസ്രാ പോണ്ട്, ദ പോയറ്റ് ഓണ്‍ എയര്‍‘ എന്നൊക്കെ പറഞ്ഞ് ക്ലാസ്സില്‍ ചിരിയുടെ മാലപ്പടക്കവും പൊട്ടിക്കും ചിലപ്പോള്‍ .

‘ ഗുഡ് മോണിങ് സര്‍ ‘

‘ വെരി ഗുഡ് മോണിങ് മുകുന്ദന്‍..ആന്റ് ആം സോറി, റ്റുഡേ ഐ ഡോണ്ട് തിങ്ക് ദാറ്റ് ഐ കാന്‍ ഗിവ് യു മൈ നോട്ട്സ് ഓണ്‍ ഷെല്ലി. വി വില്‍ മേക്ക് ഇറ്റ് അനദര്‍ ഡേ..ഓക്കേ? ‘

‘ ഇറ്റ്സ് ഓക്കെ സര്‍..താങ്ക്യൂ ‘

‘ ഗുഡ്..സീ യു മുകുന്ദന്‍ ‘ അദ്ദേഹം ഡിപ്പാര്‍ട്ട്മെന്റിലേയ്ക്ക് പോയി. ക്ലാസ്സ് റൂമില്‍ ആരും ഉണ്ടായിരുന്നില്ല.  അപ്പോഴേയ്ക്കും ഗ്രൌണ്ടില്‍ നിന്നും സമരത്തിന്റെ ആരവം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു.

തിരിച്ച് മലയാളത്തിലേയ്ക്ക് പോയി. മലമ്പുഴ യാത്രസംഘം പുറപ്പെടാന്‍ തയ്യാറായിരിക്കുന്നു.

‘ നീ വര്‌ണില്ലേ ?’ അവര്‍ ചോദിച്ചു.

‘ ഇല്ല..നിങ്ങള് പൊയ്ക്കോ ‘

അവര്‍ ഗേറ്റ് കടന്ന് ബസ്റ്റോപ്പിലേയ്ക്ക് നീങ്ങി. കോളേജിന്റെ മുന്നില്‍ തന്നെ മലമ്പുഴയ്ക്കുള്ള ബസ്സ് കിട്ടും.

ഇനിയെന്ത് എന്ന ചിന്ത അയാളുടെ മനസ്സിലെത്തി. സമരക്കാര്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസ് ലക്ഷ്യമാക്കി മുന്നേറുകയാണ്. അങ്ങിങ്ങായി കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍. വീട്ടിലേയ്ക്ക് പോകാന്‍ തോന്നിയില്ല. പോയിട്ട് ഒന്നുമില്ല. കോട്ടമൈതാനത്തേയ്ക്ക് പോകാമെന്നോര്‍ത്തു. ഒരു പുന:പരിശോധനയില്‍ അതുപേക്ഷിച്ചു. ജില്ലാ ലൈബ്രറിയില്‍ പോയി വാരികകള്‍ വായിച്ചിരിക്കാം അല്ലെങ്കില്‍ പ്രിയദര്‍ ശിനിയില്‍ സിനിമയ്ക്ക് പോകാം. ഓരോ ആശയവും വന്നപാടെ നിരസിക്കപ്പെട്ടു.

‘ മുകൂ’  ഒരു കിളിനാദം. നോക്കിയപ്പോള്‍ കൊമേഴ്സിലെ ലതികയാണ്. കല്‍പ്പാത്തി അഗ്രഹാരത്തിലെ ഒരു പട്ടത്തിക്കുട്ടിയാണ് ലതിക. ഒരിക്കല്‍ അവളുടെ വീട്ടില്‍ കയറാനിടയായത് ഓര്‍മ്മയിലെത്തി.

ഒരു സുഹൃത്തിനെ കാണാന്‍ കല്‍പ്പാത്തിയിലേയ്ക്ക് പോയതായിരുന്നു. മുറ്റത്ത് അരിപ്പൊടിക്കോലം വരച്ച ചേര്‍ന്ന വീടുകളുള്ള വലിയ അഗ്രഹാരം. എവിടെ നിന്നോ കര്‍ണ്ണാട്ടിക് സംഗീതം അലയടിക്കുന്നുണ്ടായിരുന്നു. കളഭത്തിന്റേയും വാടിയ പൂക്കളുടേയും ഗന്ധം അന്തരീക്ഷത്തില്‍ ലയിച്ചിരുന്നു. ഒരു വീട്ടില്‍ നിന്നും ഹോമം നടക്കുന്നതിന്റെ പുക പുറത്തേയ്ക്ക് നിറഞ്ഞിരുന്നു. പുക തുപ്പുന്ന വീടിന് മുന്നിലെത്തിയപ്പോള്‍ കുഴപ്പം. വീട് ഏതാണെന്ന് അറിയില്ല. അവന്‍ പറഞ്ഞ അടയാളങ്ങള്‍ ഓര്‍ത്തുനോക്കി. അതുവച്ച് നോക്കുമ്പോള്‍ ഏതാണ്ട് എല്ലാ വീടുകളും അതേ പോലെയാണ്. സുബ്രമണ്യായ്യരെ ഈ തീവണ്ടി പോലത്തെ അഗ്രഹാരത്തില്‍ എവിടെ കണ്ടുപിടിക്കാനാണ്!.

‘ മുകൂഎന്താ ഇവിടെ ?’ ലതിക മുന്നിലെത്തിയത് അപ്രതീക്ഷിതമായിരുന്നു.

‘ ഒരു ചങ്ങാതിയെ കാണാനിറങ്ങിയതാ..വീട് ഏതാണെന്നറിയില്ല’

‘ ആണോ..ഇതാ എന്റെ വീട്..വരൂ ..കയറിയിട്ട് പോകാം ‘. അവള്‍ ക്ഷണിച്ചു. പിന്നെയാകാം എന്നൊക്കെ പറഞ്ഞ് നോക്കി. അവള്‍ സമ്മതിക്കുന്നില്ല.

മുറ്റത്തെ രംഗവല്ലിയില്‍ ചവുട്ടാതെ പടികള്‍ കയറി. അഴിയിട്ട് മറച്ച വരാന്തയില്‍ മരക്കസേരകള്‍ ഉണ്ടായിരുന്നു. വരാന്തയുടെ ഒരു മൂലയ്ക്ക് ദര്‍ഭപ്പുല്ലിന്റെ കെട്ടുകളും പിരിച്ചുവച്ചിരിക്കുന്ന പൂണൂലുകളും കണ്ടു.

‘ യാര്? ‘ ഒരു വൃദ്ധ വാതില്‍ക്കല്‍ വന്ന് എത്തി നോക്കി ചോദിച്ചു. എന്ത് പറയും. ആകെ കുഴപ്പം.

‘ എന്നോട് ക്ലാസ്സ്മേറ്റാക്കും പാട്ടീ’ ലതിക തക്കസമയത്തെത്തി രക്ഷിച്ചു.

‘ എത്ക്ക് ഇങ്കെ വന്തിരിക്കാന്‍..ഒന്നോട് പേരെന്നത് കോന്തേ? ‘ പാട്ടി വിടുന്ന ലക്ഷണമില്ല.

‘ ഒന്നുല്ലൈ പാട്ടിനീ ഉള്ള പോ ‘ ലതിക അല്പം ദേഷ്യം അഭിനയിച്ച് പറഞ്ഞു. പാട്ടി അകത്തേയ്ക്ക് പോയി.

‘ പരിചയമില്ലാഞ്ഞിട്ടാ..മുകു ഇരിയ്ക്കൂ ട്ടോ ‘ അവള്‍ വീണ്ടും അകത്തേയ്ക്ക് പോയി.

അപ്പോള്‍ ദേഹം മുഴുവന്‍ ഭസ്മം തേച്ച്, കുടുമയുള്ള ഒരു തടിച്ചയാള്‍ മുറ്റത്ത് നിന്നും കയറി വന്നു.
അയാളുടെ ചുവന്ന കണ്ണുകള്‍ കണ്ടപ്പോള്‍ വിരണ്ടുപോയി. തന്നെക്കണ്ട് ഒരു നിമിഷം ആലോചിച്ച് നിന്നു. പിന്നെ മുഖം പ്രസാദമാക്കി ചോദിച്ചു.

‘ കൊഴന്തെ..നീയാര്..ആരെപ്പാക്ക വന്തായ് ?’

‘ ഞാന്‍ ലതികേടെ ക്ലാസ്സ്മേറ്റാണ്. ഇത് വഴി വന്നപ്പോള്‍..’

‘ അപ്പടിയാ..ശരി..ശരി..ഒക്കാര്..നീയെന്ത ഊര്?’

സ്ഥലം പറഞ്ഞു. അടുത്തുള്ള അഗ്രഹാരത്തെപ്പറ്റിയായി ചോദ്യങ്ങള്‍ പിന്നെ. ആ ഐയ്യരെ അറിയാമോ, ഈ ഐയ്യരെ അറിയാമോഎനിക്കൊന്നുമറിയില്ലേന്ന് വിളിച്ച് പറഞ്ഞ് ഇറങ്ങിയോടണമെന്ന് തോന്നി. അപ്പോള്‍ അകത്ത് നിന്നും എന്തോ ബഹളം. പാട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നുണ്ട്.

‘ എതോ ക്ലാസ്സ്മേറ്റാം..ഇപ്പടി കണ്ട്മാതിരി ആളുങ്കളെല്ലാം വീട്ടുക്ക് വറതുക്ക് എന്നായിരിക്ക്? ക്ലാസ്സും പഠിപ്പെല്ലാം പെണ്ണറ്ത്ക്ക് താനേ കോളേജിലെ പോറത്..അപ്പറം ഇങ്കെ വന്ത് എന്ന പഠിപ്പ്? വയസ്സുക്ക വന്ത് പൊണ്ണെത്തേടി പയ്യന്‍ വന്തിരിക്കാന്‍ തെരിഞ്ചാ അഗ്രഹാരത്തിലെ എന്ന പേശുവാന്ന് തെരിയാതാ ഒനക്ക്? അവന്‍ എന്ന ജാതിയോ എന്നോ..കര്‍മ്മം കര്‍മ്മം.....’

അത് വരെ തന്നോട് സംസാരിച്ചിരുന്നയാള്‍ അകത്തേയ്ക്ക് പോയി. പിന്നെ അയാളുടെ ഒച്ചയായിരുന്നു. പാട്ടിയുടെ ശബ്ദം അതില്‍ ഇല്ലാതായി.

പതുക്കെ പുറത്തിറങ്ങി. ലതിക കാണാതെ രക്ഷപ്പെടുക എന്നതായിരുന്നു ലക്ഷ്യം. അന്ന് സുബ്രമണ്യയ്യരേയും കണ്ടില്ല.

പിന്നീട്കുറേ നാളത്തേയ്ക്ക് തന്നെ അഭിമുഖീകരിക്കാന്‍ ലതികയ്ക്ക് മടിയായിരുന്നു. കുറ്റബോധം നിറഞ്ഞ മുഖത്തോടെയേ അവള്‍ സംസാരിക്കാറുള്ളൂ. പതുക്കെ അതെല്ലാം മാറി.

‘ എന്താ നിന്റെ പരിപാടി ? ഇന്ന് ക്ലാസ്സില്ലല്ലോ ‘ അവള്‍ ചോദിച്ചു. മുടിയില്‍ തിരുകി വച്ചിരുന്ന തുളസി താഴെ വീഴാറായിരിക്കുന്നു. കൈത്തണ്ടയില്‍ ജപിച്ചുകെട്ടിയിരിക്കുന്ന ചരട് പുതിയതായിരുന്നു.

‘ ഓ..ഒന്നുല്ല

‘ എങ്കില്‍ വാ..നമുക്ക് ഗ്രൌണ്ടില്‍ പോകാം ‘

‘ എന്തിന്?’

‘ വെറുതേ സംസാരിച്ചിരിക്കാം..’

‘ ഇല്ലഞാന്‍ ലൈബ്രറിയിലേക്ക് പോണു..കുറച്ച് നോട്ട്സ് എഴുതാനുണ്ട്’

‘ ഓ..ഒരു എഴുത്തുകാരന്‍ ‘ അവള്‍ ശുണ്ഠിയെടുത്ത് പോയി.

ഗേറ്റിന് പുറത്ത് കടന്നപ്പോള്‍ മനസ്സ് തളരുന്നത് പോലെ തോന്നി.  

താരേക്കാട് ലക്ഷ്യമാക്കി നടന്നു. ബാക്കി അവിടെച്ചെന്ന് തീരുമാനിക്കാം.

പാലക്കാട്ടിന് മേളം പിടിച്ചിരുന്നു.

                                                                 (തുടരും...)

Wednesday, November 10, 2010

നിശാഗന്ധി പൂക്കുന്ന രാത്രി - ഭാഗം ഒന്ന്


രാവിലെ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മുകുന്ദന്‍ ജനാലപ്പാളി തുറന്ന് മഴ ആസ്വദിച്ച് കിടന്നു. ചാറല്‍ മുഖത്ത് വീണപ്പോള്‍ രസം തോന്നി. ചുവരിലെ ക്ലോക്കില്‍ സമയം ഏഴ് മണിയാകുന്നതേയുള്ളൂ. കോളേജിലേയ്ക്ക് പോകാന്‍ ധാരാളം സമയമുണ്ട്. മുറ്റത്ത് ചെറിയ പൂന്തോട്ടമുണ്ട്. മുകുന്ദന്‍ തന്നെ ഉണ്ടാക്കിയതാണത്. ഒരു തുളസിച്ചെടിയും ചെമ്പരത്തിയും മാത്രമുണ്ടായിരുന്ന മുറ്റത്ത് എവിടെ നിന്നൊക്കെയോ സമ്പാദിച്ച പലതരം ചെടികള്‍ നട്ട് ഇപ്പോള്‍ നല്ലൊരു പൂങ്കാവനമായിരിക്കുന്നു മുറ്റം. ബോട്ടണിയിലെ ഒരു സുഹൃത്ത് ഓര്‍ക്കിഡ് ചെടികള്‍ കൊണ്ടുത്തരാമെന്ന് ഏറ്റിട്ടുണ്ട്.  അത് കൂടിയായാല്‍ പൂന്തോട്ടം ഒന്നാന്തരമാകും.

‘ ഡാഎഴ്ന്നേക്കെഡാ..ങ്ങനെ കെടന്നൊറങ്ങിയാ കോളേജില്‍ പോണ്ടേ? ങാ..അല്ലെങ്കിലും ഇവന്‍ കോളേജി പോയി മലമറിക്കാന്‍ പോക്വല്ലെ..”

അമ്മ അടുക്കളയില്‍ നിന്നും ശകാരം തുടങ്ങി. എന്നുമുള്ളതാണ്. രാവിലെ അമ്മയ്ക്ക് നൂറാവശ്യങ്ങളാണ്. അച്ഛന്‍ കോയമ്പത്തൂരിലേയ്ക്ക് പോയിട്ട് എത്തിയിട്ടില്ല. അല്ലെങ്കില്‍ അച്ഛനേം മോനേം കൂട്ടിയായിരിക്കും ശകാരം.

മുകുന്ദന്‍ പുതപ്പ് മാറ്റി എഴുന്നേറ്റു. മഴ അപ്പോഴും ശക്തമാണ്. സ്ഥാനം തെറ്റിക്കിടന്ന ലുങ്കി നേരേയുടുക്കാന്‍ പണിപ്പെട്ടു. അടുക്കളയിലേയ്ക്ക് ചെന്ന് കാപ്പി ആയിട്ടുണ്ടോയെന്ന് നോക്കി. ഒരു ഗ്ലാസ്സ് കട്ടന്‍ കാപ്പി ഏതാണ്ട് ചൂടാറിയ നിലയിലുണ്ട്.

“ ഡാ..എഴ്ന്നെറ്റിട്ട് ഒന്ന് പല്ല് തേച്ചൂടേ നെനക്ക്? കണ്ണ് തൊറന്നങ്ങനെ തന്നെ അടുക്കളേലെക്കാ..” അമ്മ പിന്നില്‍ വന്നത് അറിഞ്ഞില്ലായിരുന്നു. കാപ്പി തിണ്ണയില്‍ വച്ച് പല്ല് തേച്ച് വന്നു. കുളിക്കാത്തതിന്റെ പേരിലായിരിക്കും അടുത്ത ശകാരം. ഭാഗ്യം, അതുണ്ടായില്ല. കാപ്പി കുടിച്ച് തോര്‍ത്തും സൊപ്പുമെടുത്ത് കുളത്തിലേയ്ക്ക് നടന്നു.

മഴയത്ത് ഇറങ്ങി നടക്കാന്‍ മുകുന്ദന് ഇഷ്ടമാണ്. മഴത്തുള്ളികള്‍ വീഴുമ്പോള്‍ കുളത്തിലെ വെള്ളത്തിന് പ്രത്യേക സൌന്ദര്യമാണ്. അകവും പുറവും നനയുന്നപോലെയുണ്ടാകും. മാത്രമല്ല കുളത്തില്‍ തിരക്ക് കുറവായിരിക്കും.

പടവില്‍ സോപ്പ് വച്ച് തോര്‍ത്തുടുത്ത് കാല് നനച്ചു. നല്ല തണുപ്പ്. ആകെ നനഞ്ഞിരുന്നെങ്കിലും കുളത്തിലേയ്ക്ക് മുങ്ങാങ്കുഴിയിട്ടപ്പോള്‍ വിറച്ചുപോയി. മുങ്ങിനിവര്‍ന്നപ്പോള്‍ ഒരാള്‍ കൂടി കുളിക്കാനെത്തിയിരിക്കുന്നത് കണ്ടു. പടിഞ്ഞാറേമുറിയിലെ ഉണ്ണിയാണ്. വലിയ പഠിപ്പോക്കെ കഴിഞ്ഞിട്ടും കൃഷിയും കാര്യങ്ങളുമായി ഒതുങ്ങി ജീവിക്കുന്ന ഉണ്ണിയോട് മുകുന്ദന് ആദരവാണ്. പഠിത്തമൊക്കെ കഴിഞ്ഞ് പുറം രാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍ പറയുന്ന അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടിയാകും. ഉണ്ണിയ്ക്ക് അതെല്ലാം ആദ്യമേ അറിയാമായിരുന്നെന്ന് തോന്നി. അതുകൊണ്ടായിരിക്കും വീട്ടിലെ കൃഷിയും മറ്റും നോക്കി സമാധാനമായി ജീവിക്കുന്നത്. ഇടയ്ക്ക് ഒരു യാത്ര പോക്കുണ്ട് അയാള്‍ക്ക്. കുറേ നാളുകല്‍ കഴിഞ്ഞേ തിരിച്ചെത്തൂ. വന്നുകഴിഞ്ഞാന്‍ പിന്നെ കഥകള്‍ പറയും. പോയ നാടുകളുടെയൊക്കെ.

സോപ്പ് തേയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ണി തോര്‍ത്തുടുത്ത് പടവിലിരുന്ന് ബീഡി വലിയ്ക്കുകയാണ്. അമ്പലക്കുളമാണ്. ആരെങ്കിലും കണ്ടാല്‍ കുഴപ്പമാകുമെന്ന് പറയണമെന്ന് തോന്നി. ഉണ്ണിയ്ക്ക് അതൊന്നും പ്രശ്നമായിരിക്കില്ലെന്ന് പിന്നീടോര്‍ത്തു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ ഉണ്ണി നിസ്സാരമായി തള്ളിക്കളയുകയേയുള്ളൂ.

‘ ന്താഡോ..ന്ന് കോല്ലേജിലേയ്ക്ക് പോകുന്നില്ലേ?’

ബീഡിക്കുറ്റി പടവില്‍ കുത്തിക്കെടുത്തി ഉണ്ണി ചോദിച്ചു.

‘ ഉണ്ട്പോണം..സമയമായില്ല’

ഇപ്പോഴും ആശയക്കുഴപ്പമാണ്. പേര് വിളിക്കണോ അതോ ഉണ്ണിയേട്ടാന്ന് വിളിക്കണോന്ന്. പ്രായത്തില്‍ കുറച്ച് മൂത്തതാണെങ്കിലും അയാളുടെ പെരുമാറ്റവും രീതികളുമൊക്കെ കണുമ്പോള്‍ പേര് വിളിക്കാനാണ് തോന്നുക. തല്‍ക്കാലം ഒന്നും വിളിക്കണ്ടെന്ന് തീരുമാനിച്ചു.

അയാള്‍ കുളത്തിലേയ്ക്ക് ചാടി നീന്തിത്തുടങ്ങി. മഴ അടങ്ങിയിരിക്കുന്നു. നനഞ്ഞ തോര്‍ത്ത് പിഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു.

അമ്മ അടുക്കളയില്‍ യുദ്ധത്തിലാണ്. പുക തുപ്പുന്ന അടുപ്പിനെ ശകാരിക്കുകയാണിപ്പോള്‍. അമ്മയ്ക്ക് ആരെയെങ്കിലും ശകാരിച്ചാല്‍ മതി, അടുപ്പായാലും കുഴപ്പമില്ല.

 സമയം എട്ട് മണിയായി. ഇനിയും താമസിച്ചാല്‍ കോളേജിലെത്താന്‍ വൈകും. പാന്റും ഷര്‍ട്ടും ധരിച്ച് പുസ്തകങ്ങള്‍ ബാഗിലാക്കി. അടുക്കളയില്‍ ചെന്ന് കഴിക്കാന്‍ വല്ലതുമുണ്ടോയെന്ന് നോക്കി. കഞ്ഞി തയ്യാറായിരിക്കുന്നു. വിശപ്പ് തോന്നിയില്ല.

‘ വല്ലോം കഴിച്ചിട്ട് പോഡാ ‘ അമ്മ പറഞ്ഞു.

‘ വേണ്ട..വെശപ്പില്ല ‘

‘ ഒ..കഞ്ഞിയായതോണ്ടായിരിക്കും..രാവിലെ എഴുന്നേറ്റേ നനഞ്ഞ വെറകും കത്തിച്ച് പലഹാരമൊണ്ടക്കാനൊന്നും ന്നെക്കൊണ്ടാവില്ല ..” അമ്മ പിറുപിറുത്തു.

‘ അതോണ്ടൊന്നല്ല..വെശപ്പില്ലാഞ്ഞിട്ടാ ‘ കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഇടം കാലിയാക്കി.

ബസ്റ്റോപ്പിലേയ്ക്ക് കുറച്ച് നടക്കാനുണ്ട്. ഗ്രാമത്തിലെ മണ്‍ പാതയിലൂടെയുള്ള നടത്തം മുകുന്ദന് ഇഷ്ടമാണ്. ചിലപ്പോള്‍ കൂടെ പരിചയക്കാരാരെങ്കിലും കാണും. പട്ടണത്തിലേയ്ക്ക് പോകുന്നവര്‍. ഗ്രാമത്തില്‍ കൂടുതലും കൂലിപ്പണിക്കാരാണ്. പിന്നെയുള്ളത് പട്ടണത്തില്‍ ചെറിയ ജോലികള്‍ക്ക് പോകുന്നവരും. കോളേജില്‍ പോകുന്നവര് പല ദിക്കില്‍ നിന്നും വന്നെത്തി ബസ്റ്റോപ്പില്‍ ഒത്തുകൂടും. ആകെ തിരക്കും ബഹളവുമായിരിക്കും. മിക്കവാറും പടിയില്‍ തൂങ്ങിപ്പിടിച്ചായിരിക്കും യാത്ര.

‘ മുകുന്ദാ..നിക്ക്ഞാനുണ്ട്’ ഒരു ശബ്ദം പിന്നില്‍ നിന്നും കേട്ടു. മുരിങ്ങത്തെ രാഘവേട്ടന്റെ മകള്‍ സിന്ധുവാണ്. അവളും കോളേജിലേയ്ക്കാണ്. പ്ലസ് ടു കഴിഞ്ഞ് കോളേജ് കുമാരിയായിട്ടേയുള്ളൂ പെണ്ണ്‌. ഇപ്പോഴേ പത്രാസ് തുടങ്ങിക്കഴിഞ്ഞു.

‘ എത്ര പ്രാശ്യം വിളിച്ചു..സ്വപ്നം കണ്ടോണ്ടാ നടക്കണേ? ‘ അവള്‍ പരിഭവം പറഞ്ഞു. അവളുടെ നെറ്റിയില്‍ വിയര്‍പ്പ് തുള്ളികളുണ്ടായിരുന്നു. കാവിലെ കുങ്കുമം തൊട്ടിരുന്നത് വിയര്‍പ്പില്‍ അലിഞ്ഞിരിക്കുന്നു.

‘ ന്താ കുട്ട്യേ? ഇങ്ങനെ ഓടണതെന്തിനാ ?’

‘ മുകുന്ദനെ കണ്ടപ്പോ ഒപ്പമെത്താവേണ്ടി ഓടീതാ.. ‘ അവള്‍ തൂവാലയെടുത്ത് നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. കുങ്കുമം അപ്രത്യക്ഷമായി. ബാഗില്‍ നിന്നും സ്റ്റിക്കര്‍ പൊട്ടെടുത്ത് നെറ്റിയിലൊട്ടിച്ച് അവള്‍ ചിരിച്ചു. ഇപ്പോള്‍ നല്ല ചന്തം വച്ചിരിക്കുന്നു സിന്ധു, മുകുന്ദന് തോന്നി. കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ സൌന്ദര്യബോധം കൂടിയതുകൊണ്ടായിരിക്കണം.

‘ ശരി..നടക്ക്..ബസ്സിപ്പൊ വരും ‘ മുകുന്ദന്‍ ദേഷ്യം നടിച്ച് പറഞ്ഞു.

‘ ഓ..ബസ്സ് വരാനായിട്ടൊന്നുല്ലപത്ക്ക് നടന്നാ മതി ‘ . അവള്‍ കൊഞ്ചി. മുകുന്ദന് ശരിക്കും ദേഷ്യം വന്നു. ഭാഗ്യത്തിന് അവള്‍ മുകുന്ദന്‍ പഠിക്കുന്ന കോളേജിലല്ല. അല്ലെങ്കില്‍ കോളേജിലും ഇവള്‍ ഇങ്ങനെ തന്നെയായിരിക്കും തന്നോട് പെരുമാറുക.

അവള്‍ വാതൊരാതെ സംസാരിച്ചുകൊണ്ടിരുന്നു. കോളേജിലെ കൂട്ടുകാരികളെക്കുറിച്ചും ചൂളമടിക്കുന്ന സീനിയേഴ്സിനെക്കുറിച്ചും അദ്ധ്യാപകരെക്കുറിച്ചുമെല്ലാം. മുകുന്ദന്‍ എല്ലാം മൂളിക്കേട്ടതേയുള്ളൂ. അയാളുടെ മനസ്സില്‍ തലേന്ന് പഠിച്ച ഒരു കവിതയിലെ വരികള്‍ ആവര്‍ത്തിക്കുകയായിരുന്നു.

The fountains mingle with the river,
And the rivers with the ocean;
The winds of heaven mix forever
With a sweet emotion;
Nothing in the world is single;
All things by a law divine
In another's being mingle--
Why not I with thine?....................


ബസ്റ്റോപ്പിലെത്തുന്നത് വരെ അവള്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന് ശ്രദ്ധിച്ചതേയില്ല. അല്പനേരം കഴിഞ്ഞപ്പോള്‍ തിങ്ങിഞെരുങ്ങുന്ന യാത്രക്കാരുമായി ബസ്സ് വന്നു. അതിലേയ്ക്ക് തള്ളിക്കയറി മുകുന്ദന്‍ കോളേജിലേയ്ക്ക് യാത്ര തുടര്‍ന്നു.

( മുകുന്ദന്റെ കോളേജ് വിശേഷങ്ങളുമായി അടുത്ത ഭാഗം ഉടനെ…. )